നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവേയിൽ രജിസ്റ്റർ ചെയ്തത് 45,94,543 തൊഴിലന്വേഷകർ. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, എറണാകുളം ജില്ലയിലെ സർവ്വേ പിന്നീട് നടക്കും. 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളണ്ടിയർമാർ വീടുകളിലെത്തി ശേഖരിച്ചത്. സർവ്വേയുടെ തുടർച്ചയായി തൊഴിൽ നൽകുന്നതിനുള്ള നടപടിയും ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തൊഴിൽ നൽകുന്ന പ്രക്രിയയിലും കുടുംബശ്രീ നിർണ്ണായക പങ്ക് വഹിക്കും. തൊഴിലന്വേഷകരുടെ കൗൺസിലിംഗിന് കുടുംബശ്രീ സഹകരണത്തോടെ ഷീ കോച്ച്സ് സംവിധാനം നടപ്പാക്കും.
രജിസ്റ്റർ ചെയ്തവരിൽ 58 ശതമാനവും സ്ത്രീകളാണ്, 26,82,949 പേർ. കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്, 5,66,480 പേർ. കുറവ് വയനാട് ജില്ലയിൽ 1,43,717.. 72,892 എന്യൂമറേറ്റർമാർ 68,43,742 വീടുകൾ സന്ദർശിച്ചാണ് വിവരം ശേഖരിച്ചത്. തൊഴിൽ തേടുന്നവരിൽ 5,30,363 പേർ 20 വയസിന് താഴെയുള്ളവരാണ്. 21നും 30 നും ഇടയിൽ പ്രായമുള്ള 25,11,278 പേരും, 31നും 40നു ഇടയിൽ പ്രായമുള്ള 10,78,605 പേരും, 41നും 50നും ഇടയിൽ പ്രായമുള്ള 3,69,093 പേരും, 51നും 56നും ഇടയിൽ പ്രായമുള്ള 90,900 പേരും, 56ന് മുകളിൽ പ്രായമുള്ള 14,304 പേരും രജിസ്റ്റർ ചെയ്തു. സർവ്വേയിൽ രജിസ്റ്റർ ചെയ്തവരിൽ ഐടിഐ വിദ്യാഭ്യാസമുള്ളവർ 2,46,998 പേരാണ്, ഡിപ്ലോമയുള്ളവർ 3,60,279. ബിരുദ ധാരികൾ 14,05,019 പേരും ബിരുദാനന്തര ബിരുദമുള്ള 4,59,459 പേരും രജിസ്റ്റർ ചെയ്തു. പ്ലസ് ടു യോഗ്യതയുള്ള 21,22,790 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏതെങ്കിലും വീടുകൾ സർവ്വേയിൽ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടെങ്കിൽ, വാർഡ് അംഗത്തെയും എഡിഎസ്- സിഡിഎസ് ഭാരവാഹികളെയും ബന്ധപ്പെടണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
പി.എൻ.എക്സ്. 1997/2022
Copyright © 2025 TECHMIN WEALTH PARTNERS | Powered by TECHMIN WEALTH PARTNERS