Blog

thumb
23-07-2022

ആദായ നികുതി റിട്ടേൺ ഫയലിംഗിന്റെ അവസാന ദിവസം ബാങ്കുകൾ തുറക്കുമോ?

ശമ്പളം വാങ്ങുന്ന നികുതിദായകർക്കും ഓഡിറ്റ് ഇല്ലാത്ത നികുതിദായകർക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി രണ്ടായിരത്തി ഇരുപത്തിരണ്ട് ജൂലൈ മുപ്പത്തിയൊന്ന് ആണ്. കൂടാതെ, ഈ വർഷത്തെ സമയപരിധി അവസാനിക്കുന്നത് ഒരു ഞായറാഴ്ചയാണ്, ഇത് ഒരു അവധി ദിവസമാണ്. ഇക്കാരണത്താൽ, മേല്പറഞ്ഞ തീയതിയ്ക്ക് മുമ്പായി നിങ്ങളുടെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ നിർദ്ദേശിക്കുന്നു. വർഷം മുഴുവനും എല്ലാ ദിവസവും എല്ലാ സമയവും ലഭ്യമാകുന്ന ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ചാണ് ഇപ്പോൾ ആദായ നികുതി റിട്ടേൺ ഫയലിംഗുകൾ നടത്തുന്നത്, എന്നതിനാൽ, ഞായറാഴ്ചയോ പൊതു അവധിയോ അല്ലെങ്കിൽ ബാങ്കുകൾ അടച്ചിട്ടിരിക്കുമ്പോഴോ പോലും അവസാന തീയതി പ്രശ്നമല്ല.

എന്നിരുന്നാലും, അവസാന നിമിഷം വരെ കാത്തിരിക്കുന്നത് ശുപാർശ ചെയ്യുന്നില്ല.

അവസാന നിമിഷം വരെ കാത്തിരിക്കാതിരിക്കാനുള്ള കാരണങ്ങൾ

നിലവിൽ എല്ലാം ഓൺലൈനിൽ ആക്സസ് ചെയ്യാവുന്നതാണെങ്കിലും, ബാങ്കിന്റെ ആസൂത്രിതമായ സെർവർ അറ്റകുറ്റപ്പണികൾ ആ ഞായറാഴ്ച നടക്കാൻ സാധ്യതയുണ്ട്, അതിനാൽ നെറ്റ് ബാങ്കിംഗ് സേവനം പ്രവർത്തിക്കാതെയും, അല്ലെങ്കിൽ ചിലപ്പോൾ ഏതെങ്കിലും കാരണത്താൽ ഇന്റർനെറ്റ് പ്രവർത്തിക്കാതെയും വന്നേക്കാം. ഈ വർഷവും ആദായനികുതി വെബ്സൈറ്റിൽ തിരക്ക് മൂലം എന്തെകിലും തകരാർ ആണെങ്കിൽ പോലും പുതിയ ആദായനികുതി ഇ-ഫയലിംഗ് പ്ലാറ്റ്‌ഫോം അവസാന ദിവസം പിഴവുകളില്ലാതെ പ്രവർത്തിക്കുമോ എന്നതും അനിശ്ചിതത്വത്തിലാണ്.

ഇടയ്ക്ക് ബാങ്കിൽ പോകേണ്ടി വന്നേക്കാം

ഒരാൾക്ക് ആദായനികുതി നൽകേണ്ടിവരുമ്പോൾ ഐ.ടി.എൻ.എസ് ഇരുനൂറ്റി എൺപത് പോലുള്ള ചലാനുകൾ ഉപയോഗിക്കുന്നു. നിങ്ങൾക്ക് രണ്ട് വ്യത്യസ്ത രീതികളിൽ നികുതി അടക്കാം. ഒന്നുകിൽ ഓൺലൈനായോ അല്ലെങ്കിൽ ബാങ്കിൽ നേരിട്ടോ ചലാൻ അടക്കാം.. ഓൺലൈൻ ബാങ്കിംഗ് ഓപ്‌ഷനുകളൊന്നും ലഭ്യമല്ലെങ്കിൽ, പേയ്‌മെന്റ് നടത്താൻ നിങ്ങൾ ബാങ്കിലേക്ക് പോകേണ്ടതുണ്ട്. അതുപോലെതന്നെ ഏതെങ്കിലും കാരണത്താൽ നിങ്ങൾക്ക് ഓൺലൈനിൽ അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ബാങ്കിൽ പോകണം.

എന്നിരുന്നാലും, ജൂലൈ മുപ്പത്തിയൊന്ന് ഞായറാഴ്ചയായതിനാൽ ബാങ്കുകൾ തുറക്കില്ല. എല്ലാം ഓൺലൈനിലാണെങ്കിലും, എല്ലാം മുൻകൂട്ടി ചെയ്യുന്നതാണ് നല്ലത്.

ഇ-ഫയലിംഗ് വെബ്‌സൈറ്റ് തകരാറുകൾ സാധാരണമായതിനാൽ അവസാന നിമിഷത്തെ സമ്മർദ്ദവും പിഴവുകളും ഒഴിവാക്കുന്നതാണ് നല്ലത്.

ഇ-ഫയലിങ് സംവിധാനം ഉപയോഗിക്കുന്നതിൽ നികുതിദായകർക്ക് ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തു.

ജൂലൈ മുപ്പത്തിയൊന്നിന് മുൻപ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?

നികുതിദായകർക്ക് ജൂലൈ മുപ്പത്തിയൊന്നിലെ സമയപരിധി നഷ്‌ടപ്പെട്ടാൽ പിഴയടച്ച് വൈകി റിട്ടേൺ ഫയൽ ചെയ്യാം.

നിലവിലുള്ള ആദായനികുതി ചട്ടങ്ങൾ പ്രകാരം, വൈകി ഐടിആർ ഫയൽ ചെയ്താൽ, അയ്യായിരം രൂപ വരെ ലേറ്റ്ഫീയായി കണക്കാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും, നികുതി അടയ്‌ക്കേണ്ട വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയുന്നില്ലെങ്കിൽ, ചെറുകിട നികുതിദായകർക്ക് ആയിരം രൂപ ലേറ്റ് ഫീ ആയി അടച്ചുകൊണ്ട് റിട്ടേൺ ഫയൽ ചെയ്യാം.

രണ്ടായിരത്തി ഇരുപത്തിരണ്ട് ഡിസംബർ മുപ്പത്തിയൊന്ന് വരെ വൈകിയുള്ള റിട്ടേൺ സമർപ്പിക്കാം.

Call Us Join Telegram